ദൈവശ്വാസീയതയോടുള്ള ബന്ധത്തിൽ അപര്യപ്തവും തെറ്റായിട്ടുള്ളതുമായ സിദ്ധാന്തങ്ങൾ ഏതൊക്കെയാണ്?
- Holy Fire Revival Ministries
- Feb 10, 2024
- 1 min read

അളവുവ്യതിയാന സിദ്ധാന്തം:— വേദപുസ്തകത്തിലെ ചിലഭാഗങ്ങളേക്കാൾ മറ്റുഭാഗങ്ങൾക്ക് കൂടുതൽ ദൈവശ്വാസീയത ഉണ്ട് എന്നാണ് അവകാശവാദം.
മറുപടി—സത്യം അളവുകൾക്ക് വിധേയപ്പെടുന്നില്ല. ഒന്നുകിൽ വേദപുസ്തകം സത്യമായിരിക്കുന്നു. അല്ലെങ്കിൽ അസത്യമാണ്. മത്രമല്ല, ചിലഭാഗങ്ങൾക്ക് കൂടുതൽ ദൈവശ്വാസീയത ഉണ്ട് എന്ന് എങ്ങിനെയാണ് നിർണ്ണയിക്കുന്നത്? സത്യത്തിൽ ഇവിടെ മനുഷ്യനാണ് ദൈവശ്വാസീയത നിർണ്ണയിക്കുന്നത്.
ആശയശ്വാസീയ സിദ്ധാന്തം:— വേദപുസ്തക ആശയങ്ങൾ മാത്രമാണ് ദൈവശ്വാസീയമായിരിക്കുന്നത്. ആശയം ദൈവത്തിന്റേയും വാക്കുകൾ മനുഷ്യരുടേയും ആണെന്ന് അവകാശപ്പെടുന്നു. ദൈവീക സത്യങ്ങൾ അറിയിക്കുവാൻ വാക്കുകൾ പര്യപ്തമല്ല. അതുകൊണ്ട് ആശയങ്ങൾ മാനുഷിക ഭാഷയിലേക്ക് മനുഷ്യൻ പരിഭാഷപ്പെടുത്തണം. അതിന്റെ കുറവുകളും വേദപുസ്തകത്തിൽ ഉണ്ടാകും.
മറുപടി— വാക്കുകളില്ലാതെ ആർക്കെങ്കിലും ചിന്തിക്കുവാൻ കഴിയുമോ? മനസ്സിൽ പോലും ചിന്തകൾക്ക് ഘടനയും സാധുതയും ഉണ്ടാകണമെങ്കിൽ വാക്കുകൾ അത്യാവശ്യമാണ്. വാക്കുകളില്ലാതെ ആശയങ്ങൾ ഉണ്ടാകുകയില്ല. വാക്കുകളുള്ള ആശയങ്ങളാണ് ദൈവം കൊടുത്തത്.
ഇതിഹാസശ്വാസീയമായ സിദ്ധാന്തം:- വേദപുസ്തകം ദൈവത്തിൽ നിന്നു തന്നെയാണ്, പക്ഷേ അതിൽ ക്രിസ്തീയ സന്ദേശങ്ങൾ പങ്കുവെക്കുവാൻ പറ്റുന്നതും പറ്റാത്തതുമായ ഇതിഹാസങ്ങളും മറ്റ് സാഹിത്യരീതികളും ഉൾപ്പെടുത്തിയിരിക്കുന്നു.
മറുപടി— പഴയനിയമ ചരിത്രങ്ങളും ഉപമകളും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസങ്ങൾ ഉണ്ട്. കാര്യങ്ങളെ വിശദീകരിക്കുവാൻ രൂപകങ്ങൾ ഉപമയിൽ ഉപയോഗിക്കുന്നു. പഴയനിയമ ചരിത്രത്തിൽ ഇങ്ങിനെയുള്ള രൂപകങ്ങളൊന്നും കാണുവാൻ കഴിയുകയില്ല.അതുകൊണ്ട് വേദപുസ്തകത്തിൽ ഇതിഹാസങ്ങൾ ഇല്ല. ബൈബിളിലെ ബാക്കിയുള്ള വേദഭാഗം അതിലെ പ്രധാന ഉപദേശങ്ങൾ സ്ഥാപിക്കുവാൻ ഈ ചരിത്രത്തിന്റെ സത്യസന്ധതയെ വളരെയധികം ആശ്രയിക്കുന്നു. (i.e., മത്താ 12:40: യോഹ 3:14; മത്താ 19:3–6; etc). 2 പത്രൊസ് 1:16-21 വരെയുള്ള വേദഭാഗങ്ങൾ വേദപുസ്തകത്തിൽ ഇതിഹാസങ്ങളും കെട്ടുകഥകളും ഉണ്ടെന്ന ആശയത്തെ നേരിടാൻ തന്നെയാണ് കൊടുത്തിരിക്കുന്നത്.
സാന്മാർഗ്ഗിക ശ്വാസീയ സിദ്ധാന്തം:- വേദപുസ്തകത്തിലെ സാന്മാർഗ്ഗികവും ആത്മീയവുമായ കാര്യങ്ങൾ മാത്രമാണ് ദൈവശ്വാസീയമായത്. ശാസ്ത്രീയവും ചരിത്രപരവുമായ കാര്യങ്ങളിൽ തെറ്റുകൾ ഉണ്ടാകാം.
മറുപടി— നിരീക്ഷിക്കുവാൻ പറ്റുന്ന കാര്യങ്ങളിൽ വേദപുസ്തകം തെറ്റാണെങ്കിൽ നിരീക്ഷിക്കുവാൻ പറ്റാത്ത കാര്യങ്ങളിൽ വേദപുസ്തകം എങ്ങിനെ ശരിയാകും?
കേട്ടെഴുത്ത് ശ്വാസീയ സിദ്ധാന്തം:- വേദപുസ്തക എഴുത്തുകാരന്മാർ ഓരോവാക്കും ദൈവം പറഞ്ഞതുപോലെ വാക്കിനു വാക്കായി രേഖപ്പെടുത്തി.
മറുപടി— പദാനുപദമായി രേഖപ്പെടുത്തിയ ഭാഗങ്ങൾ വേദപുസ്തകത്തിൽ ഉണ്ട് എന്നുള്ളത് സത്യമാണ് (പുറപ്പാട് 34:1, 27–28; ആവർത്തനം 10:2, 4; യെശയ്യാവ് 8:1, 30:8; യിരെമ്യാവ് 30:2; 36:1–6; etc.). എന്നാൽ വേദപുസ്തകത്തിലെ പ്രമുഖ ഭാഗങ്ങളും അങ്ങിനെ എഴുതിയതല്ല. എഴുത്തുകാരന്മാരുടെ വ്യക്തിത്വങ്ങളുടെ സ്വാധീനത്തെ വിശദീകരിക്കുവാൻ ഈ വാദത്തിനു കഴിയുകയില്ല. വേദപുസ്തകത്തിലെ ഓരോ എഴുത്തുകാരന്മാരുടെ ശൈലിയും വ്യത്യസ്തമാണ്.
Comments